ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹിൽ കുട്ടികൾക്കുള്ള പോഷകാഹാര വിതരണ സമയത്തു വരിയിൽ കാത്തുനിന്ന ഒമ്പത് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 15 പലസ്തീനികൾ പൊടുന്നനവയെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധിയാളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19 കുട്ടികൾ ഉൾപ്പെടെ 30 പേർക്കാണ് പരിക്കുകൾ ഏറ്റിരിക്കുന്നത്. യുണിസെഫിന്റെ പങ്കാളിയായ പ്രോജക്ട് ഹോപ്പ് ആണ് സഹായം നൽകിയത്.
ജീവൻ രക്ഷിക്കുവാനുള്ള പോഷകാഹാരം കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ ആഗ്രഹിച്ചു വന്നവർക്ക് ജീവൻ നഷ്ടമായത് അത്യന്തം വേദനാജനകമാണെന്നു യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സാധാരണക്കാരെ സംരക്ഷിക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ബന്ധപ്പെട്ടവർ പരാജയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ ക്രൂരകൊലപാതകം. അതേസമയം ക്ഷാമത്തിനുള്ള സാധ്യത മേഖലയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവൻ രക്ഷാ സഹായങ്ങളും, സേവനങ്ങളും വലിയ തോതിൽ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും, അത് നിരവധി കുട്ടികളുടെ ജീവന് ഭീഷണി സൃഷിക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, പ്രത്യേകിച്ച് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ സംരക്ഷണം, പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിയമങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും, ഈ സംഭവത്തെക്കുറിച്ചും അതുപോലെ തന്നെ എല്ലാ ലംഘന ആരോപണങ്ങളെക്കുറിച്ചും സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.