ന്യൂഡൽഹി: ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന നേതാക്കൾ വിശദമായ ചർച്ചയിലാണെന്നും നിർമലാ സീതാരാമൻ, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ തുടങ്ങിയവർ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളുടെ മുൻനിരയിലുണ്ടെന്നാണ് വിവരം.

നിലവിലെ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിമാസം അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി 2024 ജനുവരി വരെ നീട്ടിനൽകുകയായിരുന്നു. നിർമലാ സീതാരാമൻ ഇക്കഴിഞ്ഞ ദിവസം ജെ.പി. നഡ്ഡയുമായും പാർട്ടി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷപദത്തിലെത്തുന്നപക്ഷം ദക്ഷിണേന്ത്യയിൽ ബിജെപിയെ കൂടുതൽ ശക്തമാക്കാൻ നിർമലയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ആന്ധ്രപ്രദേശ് ബിജെപി മുൻ അധ്യക്ഷയായ പുരന്ദേശ്വരിയാണ് അധ്യക്ഷപദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ മറ്റൊരാൾ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ച സർവകക്ഷി പ്രതിനിധി സംഘത്തിലും പുരന്ദരേശ്വരി ഉൾപ്പെട്ടിരുന്നു. രാജമുന്ദ്രിയിൽനിന്നുള്ള ലോക്സഭാംഗമാണ് ഇവർ.

തമിഴ്നാട് നിയമസഭാംഗമാണ് അഭിഭാഷക കൂടിയായ വാനതി. കോയമ്പത്തൂർ സൗത്തിനെയാണ് അവർ പ്രതിനിധീകരിക്കുന്നത്. 1993-ൽ ബിജെപി അംഗമായതിന് പിന്നാലെ നിരവധി നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. 2020-ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷസ്ഥാനത്തെത്തിയിരുന്നു. 2022-ൽ ബിജെപി സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയിലുമെത്തി.