കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ വിപുലമായ മാറ്റത്തിന് ബിജെപി ഒരുങ്ങുന്നു. ജില്ലാ കമ്മിറ്റികൾ വിഭജിക്കാൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ജില്ലാ ഘടകങ്ങൾ മൂന്നായി വിഭജിക്കും. മൂന്ന് ഘടകങ്ങൾക്കും മൂന്ന് പ്രസിഡൻ്റുമാർ ഉണ്ടാകും. മറ്റ് ജില്ലകളിൽ റവന്യൂ ജില്ലകളെ രണ്ടായി വിഭജിക്കും. ഇതോടെ ജില്ലാ കമ്മിറ്റി പ്രസിഡൻ്റുമാരുടെ എണ്ണം 14ൽനിന്ന് 31 ആയി ഉയരും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി സംസ്ഥാന ഘടകത്തിൻ്റെ നീക്കം.

സംഘടനാ പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി നേരത്തെ ആർഎസ്എസ് കേരളത്തിൽ നടപ്പാക്കിയതിന് സമാനമായ മാറ്റങ്ങളാണ് ബിജെപിയും സംസ്ഥാനത്ത് പരീക്ഷിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ജില്ലാ കമ്മിറ്റികളെ മൂന്നായി വിഭജിക്കും. ഇതോടെ മൂന്ന് ജില്ലകളിൽ മാത്രം ഒൻപത് ജില്ലാ കമ്മിറ്റികൾ ഉണ്ടാകും. ജില്ലാ പ്രസിഡൻ്റുമാരുടെ എണ്ണവും ഒൻപതായി ഉയരും. ഒരു റവന്യൂ ജില്ലയെ മൂന്നായി വിഭജിച്ചുകൊണ്ടാണ് ക്രമീകരണം.

മറ്റ് 11 ജില്ലകളെ രണ്ട് ജില്ലാ കമ്മിറ്റികളായാണ് വിഭജിക്കുക. ഇതോടെ 11 ജില്ലകളിൽ ജില്ലാ കമ്മിറ്റികളുടെ എണ്ണവും പ്രസിഡൻ്റുമാരുടെ എണ്ണവും 22 ആകും. ആകെ ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം 31 ആയി ഉയരും.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളിൽ വിജയിക്കുന്നതിനൊപ്പം തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഭരണത്തിലേറാനുള്ള പ്രവർത്തനങ്ങൾക്കും ബിജെപി രൂപം നൽകും. കോഴിക്കോട്, കൊല്ലം കോർപറേഷനുകളിൽ പ്രത്യേക ശ്രദ്ധ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിടുന്നു.