തിരുവനന്തപുരം: വിദൂരസാധ്യതയാണെങ്കിൽ കൂടിയും തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ചാലുള്ള സാധ്യതകൾ മറികടക്കാനാണ് സ്ഥിരംസമിതികളിലേക്കുള്ള തന്ത്രം ബിജെപി അവസാനനിമിഷം മാറ്റിയത്. കോർപ്പറേഷനിലെ എല്ലാം സ്ഥിരംസമിതികളും പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി ആദ്യം ആസൂത്രണംചെയ്തത്. എന്നാൽ, ഒരു സ്ഥിരംസമിതി എതിർപക്ഷത്തിന് വിട്ടുകൊടുത്ത് ഏഴെണ്ണത്തിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടിയാണ് നികുതി അപ്പീൽകാര്യ സ്ഥിരംസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടംഗങ്ങളെ രാജിവെപ്പിച്ച് മറ്റ് രണ്ട് സ്ഥിരംസമിതികളിലേക്ക് കൊണ്ടുവന്നത്. ഇതോടെ നികുതി അപ്പീൽകാര്യ സമിതി എൽഡിഎഫിനും ലഭിക്കുമെന്നുറപ്പായി.

മാറ്റിയത് എല്ലാ സമിതിയിലും ഏഴ് അംഗങ്ങളെന്ന തീരുമാനം

ഏഴ് സ്ഥിരം സമിതികളിലേക്ക് ഏഴ് അംഗങ്ങളെ വീതം കൊണ്ടുവന്ന് എല്ലാത്തിലും കേവല ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപി കോർകമ്മിറ്റി ആദ്യം തീരുമാനിച്ചത്. എട്ടാമത്തെ നികുതി അപ്പീൽകാര്യത്തിൽ ഒരംഗത്തെ മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിൽ പാർട്ടിക്കുള്ളിൽത്തന്നെ പ്രതിഷേധം ഉയർന്നതോടെയാണ് മാറ്റംവരുത്തിയത്. നാല് സ്ഥിരംസമിതികളിലെ അംഗങ്ങളുടെ എണ്ണം ഏഴിൽനിന്ന് ആറായി കുറച്ചു. നികുതി അപ്പീൽകാര്യത്തിൽ അഞ്ച് അംഗങ്ങളെയും തീരുമാനിച്ചു. പക്ഷേ, ആദ്യ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ നികുതി അപ്പീൽകാര്യ സമിതിയിൽ ബിജെപിക്കും എൽഡിഎഫിനും അഞ്ച് അംഗങ്ങൾ വീതം വന്നു. ഇത് നറുക്കെടുപ്പിലേക്ക് നീങ്ങുമെന്നുറപ്പായി. അതേ സമയം മറ്റ് നാല് സ്ഥിരംസമിതികളിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയുമുണ്ടാകും. ധനകാര്യം, ആരോഗ്യം, വികസനം എന്നീ സമിതികളിൽ ഏഴ് അംഗങ്ങളെ വീതം നിർദേശിച്ച് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. നികുതി അപ്പീൽകാര്യ സമിതിയിൽനിന്ന് രാജിവെച്ച രണ്ടുപേരെ വിദ്യാഭ്യാസം, മരാമത്ത് സമിതികളിലേക്ക് എത്തിച്ചു. ഇതോടെ ഈ രണ്ട് സമിതികളിലും ബിജെപിയുടെ ഏഴ് പ്രതിനിധികൾ വീതമായി. മറ്റ് രണ്ട് മുന്നണികൾ ഒരുമിച്ചാലും അഞ്ച് സമിതികളിലും ബിജെപിക്ക് അധ്യക്ഷസ്ഥാനം ഉറപ്പിക്കാമെന്നതാണ് ഈ നീക്കത്തിനുപിന്നിൽ.

ക്ഷേമം, നഗരാസൂത്രണം എന്നീ സമിതികളിൽ ആറ് അംഗങ്ങൾ വീതമാണുള്ളത്. ഇവിടെ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക് നഷ്ടമാകും. എന്നാൽ, ഇരുകക്ഷികളും തമ്മിൽ നീക്കുപോക്കുണ്ടാക്കില്ലെന്നാണ് ബിജെപി കരുതുന്നത്. പല സമിതികളുടെയും അധ്യക്ഷസ്ഥാനങ്ങളിലേക്ക് യുഡിഎഫ് മത്സരിക്കാനിടയില്ലെന്നും അവർ കാണുന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇരു കക്ഷികളും ഒരുമിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

അതുകൊണ്ടാണ് പരമാവധി സ്ഥിരംസമിതികളിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥിരംസമിതികളിലെ തീരുമാനങ്ങൾ അംഗീകരിച്ച് കൗൺസിലിലേക്ക് എത്തിക്കാൻ കേവല ഭൂരിപക്ഷം ആവശ്യമാണ്. നികുതി അപ്പീൽകാര്യത്തിൽ നിലവിൽ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനായിരിക്കും അധ്യക്ഷസ്ഥാനം. ഈ സമിതിയിൽ രണ്ടംഗങ്ങളുടെ ഒഴിവുമുണ്ട്. ഇനി സ്ഥിരംസമിതിയിൽ ഉൾപ്പെടാനുള്ളത് എൽഡിഎഫിന്റെ അംഗങ്ങളാണ്. ഇതോടെ ഏഴ് അംഗങ്ങൾ ഈ സമിതിയിൽ എൽഡിഎഫിനുണ്ടാകും.

നയിക്കാൻ ഇവർ

ആരോഗ്യം- എം.ആർ.ഗോപൻ, വികസനം- കരമന അജിത്, ക്ഷേമകാര്യം- സത്യവതി, മരാമത്ത്- ജി.എസ്.മഞ്ജു, വിദ്യാഭ്യാസം- ചെമ്പഴന്തി ഉദയൻ, നഗരാസൂത്രണം- എം. രാധാകൃഷ്ണൻ എന്നിവരെയാണ് അധ്യക്ഷസ്ഥാനങ്ങളിലേക്ക് ബിജെപി നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.