മുംബൈ: താനെ ജില്ലയിലെ അംബർനാഥ് നഗരസഭയിൽ കോൺഗ്രസുമായി കൈകോർത്ത് ബിജെപി. ബിജെപിയും കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (അജിത് പവാർ വിഭാഗം) ചേർന്നാണ് സഖ്യം രൂപീകരിച്ചത്. പിന്നാലെ ബിജെപി നേതാവ് അധ്യക്ഷയായി ചുമതലയുമേറ്റു. ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ശിവ സേനയ്ക്ക് (ഏക്നാഥ് ഷിൻഡെ വിഭാഗം) അധികാരത്തിലെത്താനുമായില്ല.
അംബർനാഥ് വികാസ് അഘാഡി എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്. ബിജെപിയും കോൺഗ്രസും എൻസിപിയും (അജിത് പവാർ വിഭാഗം) കൈകോർത്ത് അധികാരത്തിലെത്തുകയും ചെയ്തു. സഖ്യത്തിൽ 14 ബിജെപി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, എൻസിപിയിൽ നിന്ന് (അജിത് പവാർ വിഭാഗം) നാല് പേർ, ഒരു സ്വതന്ത്രൻ എന്നിവരുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനം കൂടി പരിഗണിക്കുമ്പോൾ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയർന്നു. അതോടെ കൗൺസിലിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
സഖ്യത്തിന്റെ പിന്തുണയോടെ ബിജെപി നേതാവ് തേജശ്രീ കരഞ്ജുലെ, അംബർനാഥ് മുനിസിപ്പാലിറ്റിയിൽനിന്ന് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിലുള്ള ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായതിന് പിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. അതോടെ ഷിൻഡെ വിഭാഗം അധികാരത്തിൽനിന്ന് പുറത്തായി.
അതേസമയം, സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കോൺഗ്രസും രംഗത്തെത്തി. അംബർനാഥ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടാൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഉത്തരവിട്ടു. തെറ്റായ നടപടിയെന്നാണ് സഖ്യത്തെ പാർട്ടി വിശേഷിപ്പിച്ചത്. അംബർനാഥ് ബ്ലോക്ക് അധ്യക്ഷൻ പ്രദീപ് പാട്ടീലിൽ അടക്കം 12 പേരെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. ഈ സഖ്യം അംഗീകരിക്കാനാവാത്തതാണെന്ന് മുതിർന്ന ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും അഭിപ്രായപ്പെട്ടു. ഏതെങ്കിലും പ്രാദേശിക നേതാവ് സ്വന്തമായി അത്തരം ഒരു തീരുമാനമെടുത്താൽ, അത് അച്ചടക്കലംഘനമാണെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യം റദ്ദാക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
കോൺഗ്രസുമായി സഹകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിൽ ശിവസേനയും കടുത്ത വിമർശനമുയർത്തുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന് പരസ്യമായി പറയുന്ന ബിജെപി, അധികാരത്തിനുവേണ്ടി മാത്രം ഇപ്പോൾ അതേ പാർട്ടിയെ സ്വീകരിച്ചിരിക്കുകയാണെന്ന് ഷിൻഡെ വിഭാഗം എംഎൽഎ ബാലാജി ആരോപിച്ചു. ഇത് മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സഖ്യത്തിനായി ഷിൻഡെ വിഭാഗവുമായി ചർച്ചകൾക്ക് ബിജെപി പലതവണ ശ്രമം നടത്തിയിരുന്നെങ്കിലും അവരുടെ നേതാക്കൾ പ്രതികരിച്ചില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നത്.



