കുറച്ച് ​ദിവസങ്ങൾക്ക് മുമ്പാണ് ബെം​ഗളൂരുവിൽ ബൈക്ക് ടാക്സി നിരോധിച്ചു കൊണ്ടുള്ള കോടതി നിർദ്ദേശം വന്നത്. സർക്കാരിനോട് കൃത്യമായ ചട്ടക്കൂടുണ്ടാക്കാനാണ് ഇതുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ടത്. ബെം​ഗളൂരുവിലെ കനത്ത ട്രാഫിക് ബ്ലോക്കിൽ മിക്കവാറും ആളുകൾ ഇന്ന് ആശ്രയിക്കുന്നത് ബൈക്ക് ടാക്സികളെയാണ്. ഫോർവീലറുകളെപ്പോലെ ബ്ലോക്കിൽ പെടാതെ അതിനേക്കാൾ വേ​ഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നത് തന്നെയാണ് പ്രധാനമായും ബൈക്ക് ടാക്സി ആളുകൾക്ക് പ്രിയങ്കരമാവാൻ കാരണമായിത്തീർന്നത്.

ഇപ്പോഴിതാ, ബൈക്ക് ടാക്സി നിരോധിച്ചതോടെ ആളുകൾ കനത്ത ബ്ലോക്കിൽ കുടുങ്ങുകയാണ് എന്നും ബ്ലോക്കുകൾ നാലിരട്ടിയോളം വർധിച്ചു എന്നുമാണ് ബെം​ഗളൂരുവിലുള്ള പലരും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകളും നിരോധനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

നിങ്ങൾ ബൈക്ക് ടാക്സികൾ നിരോധിച്ചു. എന്നാൽ, ശരിയായ റോഡുകളില്ല. യു-ടേണുകൾ ഇല്ല, പല പ്രദേശങ്ങളിലും മെട്രോ ആക്‌സസ് ഇല്ല, പബ്ലിക് ബസുകൾ ചുരുക്കമാണ്, നടപ്പാതകളില്ല. ബെംഗളൂരുവിലെ ഗതാഗതം ഏകദേശം 4/5 ഇരട്ടിയായി വർദ്ധിച്ചു, എല്ലാവരും സ്വന്തം കാർ എടുക്കുകയോ ഓട്ടോ ബുക്ക് ചെയ്യുകയോ ചെയ്യുകയാണ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

മറ്റൊരാൾ പറഞ്ഞത്, ബൈക്ക് ടാക്സി നിർത്തലാക്കിയതോടെ ട്രാഫിക് അഞ്ചിരട്ടിയായി വർധിച്ചു എന്നാണ്. മിക്കവരും ഇപ്പോൾ സ്വന്തം കാറെടുത്തിട്ടോ അല്ലെങ്കിൽ ഓട്ടോ ബുക്ക് ചെയ്തിട്ടോ ആണ് യാത്ര ചെയ്യുന്നത് എന്നാണ് പറയുന്നത്. മറ്റൊരാൾ പറഞ്ഞത് ദിവസവും യാത്രാക്കൂലിയായി മാത്രം താൻ 500 രൂപയാണ് ഇപ്പോൾ കൊടുക്കുന്നത് എന്നാണ്.

ചിലവ് കുറഞ്ഞതും എളുപ്പത്തിൽ എത്താൻ സാധിക്കുന്നതുമായ യാത്രാ മാർ​ഗം എന്ന നിലയിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഒന്നായിരുന്നു ബൈക്ക് ടാക്സി എന്നും പലരും അഭിപ്രായപ്പെട്ടു.