കലാഭവൻ മണിയുടെ നാടൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി നടൻ ബിജുക്കുട്ടന്റെ മക്കൾ. ‘കൊച്ചുകുഞ്ഞിന്റെ അച്ഛനൊരു കച്ച വാങ്ങാൻ പോയി’ എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെയും പാർവതിയുടെയും എനർജെറ്റിക് ചുവടുകൾ. ലക്ഷ്മിയാണ് ഡാൻസ് റീൽ പങ്കുവച്ചത്. അച്ഛൻ ബിജുക്കുട്ടൻ ‘വാഴ 2’ സിനിമയിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ലക്ഷ്മിയുടെ റീൽ എത്തുന്നത്.
അച്ഛൻ ഹിറ്റ് അടിച്ചതിലുള്ള സന്തോഷമാണോ ഈ റീൽ എന്നാണ് ആരാധകരുടെ ചോദ്യം. ബിജുക്കുട്ടനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്യുന്നവരുമുണ്ട്. ഡാൻസ് സൂപ്പർ ആയെന്നും ആരാധകർ കുറിക്കുന്നു. മികച്ച ഡാൻസർ കൂടിയായ ബിജുക്കുട്ടനൊപ്പം ഡാൻസ് റീൽ പങ്കുവച്ച് ഇതിനു മുൻപും ലക്ഷ്മി കയ്യടി നേടിയിട്ടുണ്ട്. ലക്ഷ്മിയുടെ എനർജിയെ ആരാധകർ പ്രശംസിക്കുന്നു.
അതേസമയം, ‘വാഴ 2’ മികച്ച പ്രതികരണങ്ങളോടെ തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ നടൻ ബിജുക്കുട്ടനും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മികച്ച അഭിനയമാണ് ബിജുക്കുട്ടൻ കാഴ്ചവച്ചതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ബിജുക്കുട്ടൻ എന്ന നടനെ ശരിയായി ഉപയോഗിച്ച സിനിമയാണ് ‘വാഴ 2’ എന്നും ആരാധകർ കുറിക്കുന്നു.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് രചന നിർവഹിച്ച ചിത്രമാണ് ‘വാഴ 2’. ഇൻസ്റ്റഗ്രാം റീൽസ് താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ. എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. നവാഗതനായ സവിനാണ് ചിത്രം സംവിധാനം ചെയ്തത്. കൗമര പ്രശ്നങ്ങൾ, സൗഹൃദം, സഹോദര്യം, പ്രണയത്തിൽ തുടങ്ങി പേരന്റിങ്, അധ്യാപനം, അന്ധവിശ്വാസങ്ങൾ, ലഹരി ഉപഭോഗം, വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റവും പ്രശ്നങ്ങളും തുടങ്ങി നിരവധി കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്.



