പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തേക്കുള്ള അസംസ്കൃത എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ് എന്നിവയുടെ വിതരണത്തെ ഇത് ബാധിക്കുമെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷമാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത്.
ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും ഗൾഫ് മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും കാരണം ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നു. എന്നാൽ പശ്ചിമേഷ്യയിൽ മാത്രമല്ല ഊർജ്ജ കേന്ദ്രങ്ങൾ കത്തിയെരിയുന്നത് എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
ഗൾഫിലെ സംഘർഷങ്ങൾക്കൊപ്പം റഷ്യയിലെ രണ്ടു റിഫൈനറികൾക്കും ഒരു ഓയിൽ ലോഡിംഗ് പോർട്ടിനും നേരെ ഉക്രേനിയൻ സൈന്യം ആക്രമണം നടത്തി. അതേസമയം, അമേരിക്കയിൽ, ടെക്സസിലെ പോർട്ട് ആർതറിലെ വലെറോ റിഫൈനറി സ്ഫോടനങ്ങളും തീപിടുത്തങ്ങളും മൂലം അടച്ചുപൂട്ടി. ഈ സംഭവങ്ങളെല്ലാം ആഗോള ഊർജ്ജ വിപണിയെ ഉലച്ചിരിക്കുകയാണ്.



