ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ തിരശ്ശീല ഉയർന്നു കഴിഞ്ഞു. ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷൻ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. 2006ൽ ഹിന്ദിയിൽ ആരംഭിച്ച ഫ്രാഞ്ചൈസി ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ ഭാഷകളിലും അതാതു ഇൻഡസ്ട്രിയിലെ സൂപ്പർതാര പരിവേഷമുള്ള താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ കമൽഹാസനും കന്നഡയിൽ കിച്ച സുദീപും തെലുങ്കിൽ നാഗാർജുനയും മലയാളത്തിൽ മോഹൻലാലുമാണ് അവതാരകരായി എത്തുന്നത്.

ഓരോ ഭാഷയിലും ബിഗ് ബോസിനായി താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?  

സൽമാൻ ഖാൻ

ബിഗ് ബോസ് ഷോ അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം സൽമാൻ ഖാനാണ്. തുടക്കത്തിൽ സൽമാന്റെ ഒരാഴ്ചയിലെ പ്രതിഫലം 2.5 കോടി രൂപ എന്ന കണക്കിലായിരുന്നു. എന്നാൽ പിന്നീട് പ്രതിഫലം ക്രമാനുഗതമായി ഇയർന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിന്  ഒരു എപ്പിസോഡിന് 43 കോടി എന്ന കണക്കിലാണ് സൽമാൻ പ്രതിഫലം ഈടാക്കിയതെന്നും റിപ്പോർട്ടുണ്ട്. 

ഹിന്ദി പതിപ്പിൻ്റെ വിജയത്തെ തുടർന്നാണ് ബിഗ് ബോസ് കന്നഡയിലും ആരംഭിക്കുന്നത്. 2013ലാണ് കന്നഡ ബിഗ് ബോസ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. കന്നഡ ബിഗ് ബോസിന്റെ ഇതുവരെയുള്ള 11 സീസണുകളുടെയും അവതാരകൻ കിച്ച സുദീപ് ആണ്. 2015ൽ കളേഴ്‌സ് ചാനലുമായി ഉണ്ടാക്കിയ കരാറിൽ കിച്ച സുദീപിന്റെ പ്രതിഫലം 20 കോടി രൂപയായിരുന്നു.

കമൽഹാസൻ

തമിഴ് ബിഗ് ബോസിന്റെ ശ്രദ്ധേയമുഖം കമൽഹാസനാണ്. ഷോയുടെ ഏഴാം സീസണിനു കമൽഹാസൻ വാങ്ങിയ പ്രതിഫലം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് തമിഴിന്റെ  ഏഴാം സീസണിൽ 130 കോടി രൂപയാണ് കമൽഹാസൻ തന്റെ പ്രതിഫലമായി ആവശ്യപ്പെട്ടത്. 

വിജയ് സേതുപതി

ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണിൽ അവതാരകനായി എത്തിയത് വിജയ് സേതുപതിയായിരുന്നു. 60 കോടിയാണ് വിജയ് സേതുപതി പ്രതിഫലമായി ഈടാക്കിയത് എന്നാണ് റിപ്പോർട്ട്.

നാഗാർജുന

12 ലക്ഷം രൂപ ഒരു എപ്പിസോഡിന് എന്ന കണക്കിൽ ഏതാണ്ട് 12 കോടി രൂപയാണ് ബിഗ് ബോസ് തെലുങ്ക് 2022ന് നാഗാർജുന പ്രതിഫലം വാങ്ങിയത്. അതേസമയം, ബിഗ് ബോസ് ആറാം സീസൺ ആതിഥേയത്വം വഹിച്ചതിന് 15 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

മഹേഷ് മഞ്ജരേക്കർ

ബിഗ് ബോസ് മറാത്തി 3 ഹോസ്റ്റ് ചെയ്യുന്നതിന് മഹേഷ് മഞ്ജരേക്കർ ഒരു എപ്പിസോഡിന് 25 ലക്ഷം രൂപ വാങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു സീസണിന് 3.5 കോടി രൂപയാണ് മഹേഷ് പ്രതിഫലമായി കൈപ്പറ്റുന്നത്.

മോഹൻലാൽ

2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. ആദ്യം മുതൽ ഇതുവരെയുള്ള എല്ലാ സീസണിലും മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തിയത്. ആദ്യ സീസണിൽ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്.  തുടർന്നു വന്ന സീസണിൽ പ്രതിഫലം 18 കോടിയായി ഉയർത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ 24 കോടിയാണ് മോഹൻലാലിന്റെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.