മത്സരാർത്ഥികളുടെ തൻ്റേടത്തെ വെല്ലുവിളിച്ചാണ് ഇന്ന് ബിഗ് ബോസ് എത്തിയത്. ആവശ്യമുള്ള സാധനങ്ങൾ നേടാനുള്ള സുവർണാവസരം ഉള്ളംകൈയ്യിലേയ്ക്ക് വച്ചുനീട്ടി ബിഗ് ബോസ് 17-ാം ദിവസമായ ഇന്ന് മത്സരാർത്ഥികളെ വെല്ലുവിളിച്ചു. 750, 100 പോയിൻ്റുകൾക്കായുള്ള ടാസ്കായിരുന്നു ഇന്ന് ബിഗ് ബോസ് മുന്നോട്ടുവെച്ചത്.
ടാസ്കിൻ്റെ തുടക്കത്തിൽ തന്നെ ധൈര്യശാലികളെ തിരഞ്ഞെടുക്കണമെന്നും ടാസ്ക് തുടങ്ങിയാൽ പിന്നെ അതിൽ നിന്ന് ഒരു മടക്കമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സീസണിലെ മത്സരാർത്ഥികളിൽ തൻ്റേടമുള്ളവർ ആരുമില്ലേ എന്ന് തോന്നിപ്പോകും വിധമായിരുന്നു പ്രകടനം.
ആദ്യത്തെ പണിപ്പുര ടാസ്ക് ചെയ്യാൻ എത്തിയത് ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ആയിരുന്നു. 750 പോയിൻ്റിനുവേണ്ടിയായിരുന്നു ടാസ്ക്. ആദ്യം മറ്റ് മൂന്ന് മത്സരാർത്ഥികളെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. അതിനായി റീനു, ശരത്, രേണു എന്നിവരെ തിരഞ്ഞെടുത്തു. പിന്നാലെ ടാസ്കുമായി മുന്നോട്ട് പോയാൽ ഇവരുടെ ബന്ധുക്കളെ കാണാൻ വീട്ടിൽ അവസരം ഒരുക്കില്ലെന്നും ബിഗ് ബോസ് വ്യക്തമാക്കി. ഇതോടെ ഇരുവരും ആശങ്കയിലായി.