ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുക ആയിരുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്.
വലിയ പ്രതിഷേധങ്ങള്‍ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്.
കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകി.



