ജറുസലേം: ശനിയാഴ്ച ഗാസയില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവുടെ മൃതദേഹങ്ങള്‍ തിരികെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ കഴിയാത്തതില്‍ ഇസ്രായേലികളോട് ബെഞ്ചമിന്‍ നെതന്യാഹു ക്ഷമ ചോദിച്ചു. വെടിനിര്‍ത്തല്‍ ധാരണയിലെത്തിയില്ലെങ്കില്‍ കൂടുതല്‍ പേരെ ‘കുടുംബങ്ങളിലേക്ക് കഫന്‍ ചെയ്ത് തിരിച്ചയക്കുമെന്ന്’ ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി ഇസ്രായേലിലെ തെരുവില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം രണ്ടാം രാത്രിയിലേക്ക് കടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ക്ഷാമാപണം. അന്താരാഷ്ട്ര നിയമം ലംഘിക്കാന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന അപകടസാധ്യത ചൂണ്ടിക്കാട്ടി ഇസ്രയേലിനുള്ള ചില ആയുധ വില്‍പ്പന യുകെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ അന്താരാഷ്ട്ര തലത്തിലും സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്.