ഇറാൻ യുദ്ധം അതിന്റെ ലക്ഷ്യങ്ങളുടെ പകുതി പിന്നിട്ടതായും ഇറാന്റെ ആണവ പദ്ധതികളും ആയുധ നിർമ്മാണ ശാലകളും ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ചാനലായ ന്യൂസ്മാക്സിന് തിങ്കളാഴ്ച നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചത്. യുദ്ധം അവസാനിക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും ദൗത്യങ്ങൾ വിജയകരമായി മുന്നേറുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ദൗത്യത്തിന്റെ അടിസ്ഥാനത്തിൽ യുദ്ധം ‘പകുതിയിലധികം’ പിന്നിട്ടതായി നെതന്യാഹു പറഞ്ഞു. ഇത് യുദ്ധം അവസാനിക്കാനുള്ള സമയത്തെയല്ല, മറിച്ച് നിശ്ചയിച്ചിട്ടുള്ള സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചതിനെയാണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിൽ വലിയ വിജയം നേടാനായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലും യുഎസ്സും ചേർന്ന് ഇറാന്റെ ആയുധ നിർമ്മാണ വ്യവസായത്തെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. പ്രധാന ആയുധ നിർമ്മാണ ശാലകളും ഇറാന്റെ ആണവ പദ്ധതിയും തന്നെ തുടച്ചുനീക്കാൻ കഴിഞ്ഞു. ഇതിനകം തന്നെ ആയിരക്കണക്കിന് ഇറാൻ വിപ്ലവ ഗാർഡുകൾ (IRGC) യുദ്ധത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ മിസൈൽ ശേഷിയും സൈനിക കരുത്തും ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് വലിയ തോതിൽ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഭരണമാറ്റം തങ്ങളുടെ ഔദ്യോഗിക ലക്ഷ്യമല്ലെന്ന് നെതന്യാഹു ആവർത്തിച്ചു. എന്നാൽ ഇസ്ലാമിക് റിപ്പബ്ലിക് ആഭ്യന്തരമായി തകരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ഭരണകൂടം ഉള്ളിൽ നിന്ന് തകരുക തന്നെ ചെയ്യുമെന്നും ഇപ്പോൾ തങ്ങൾ ചെയ്യുന്നത് ഇറാന്റെ സൈനികവും മിസൈൽ പരവുമായ ശേഷി ഇല്ലാതാക്കി അവരെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി എണ്ണ-വാതക പൈപ്പ് ലൈനുകൾ സൗദി അറേബ്യ വഴി ചെങ്കടലിലേക്കും അവിടെ നിന്ന് ഇസ്രായേലിലെ മെഡിറ്ററേനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുവിടണമെന്ന നിർദ്ദേശം നെതന്യാഹു മുന്നോട്ടുവെച്ചു. ഇറാന്റെ ഭൂമിശാസ്ത്രപരമായ നിയന്ത്രണത്തെ മറികടക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡീഗോ ഗാർഷ്യയ്ക്ക് നേരെയുണ്ടായ ആക്രമണം പാശ്ചാത്യ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും ഇറാന്റെ ഭീഷണിയെ അവഗണിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



