ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) മറ്റൊരു സുവർണനേട്ടം കൂടി. 2024ൽ 40.73 ദശലക്ഷം യാത്രക്കാർ ബെംഗളൂരു വിമാനത്താവളത്തിലൂടെ കടന്നുപോയതോടെ മുൻ വർഷത്തെ കണക്കുകൾ മറികടന്നു. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 9.5 ശതമാനത്തിൻ്റെ വർധനവാണ് 2024ൽ രേഖപ്പെടുത്തിയത്. ഇതോടെ ആഗോളതലത്തിൽ ‘വലിയ വിമാനത്താവളം’ എന്ന പട്ടികയിൽ ബെംഗളൂരു വിമാനത്താവളം ഇടം നേടി.
2023ൽ ബെംഗളൂരു വിമാനത്താവളത്തിലൂടെ 37.2 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്. എന്നാൽ 2024ൽ ഈ കണക്കുകൾ അതിവേഗം മറികടന്നു. പുതിയ ആഭ്യന്തര, അന്തർദേശീയ റൂട്ടുകൾ ആരംഭിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിൽ അതിവേഗം വളർച്ചയുണ്ടാകാൻ കാരണമായതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) പ്രസ്താവനയിലൂടെ അറിയിച്ചു. 2024 ബെംഗളൂരു വിമാനത്താവളത്തിന് ഒരു നിർണായക കാലഘട്ടമായിരുന്നുവെന്ന് ഒരു മുതിർന്ന വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. കണക്റ്റിവിറ്റി വർധിപ്പിക്കാനായതും പ്രവർത്തന മികവുമാണ് ഈ നേട്ടങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഇന്ത്യയിലെ പ്രധാന വിമാനത്താവളം, ഒരു കവാടം എന്ന പരിഗണനയാണ് ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഉയരാനുള്ള കാരണം. 2024 ഒക്ടോബർ 20ന് റെക്കോഡ് യാത്രക്കാരാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ കടന്നുപോയത്. 1.26 ലക്ഷം യാത്രക്കാരാണ് അന്ന് വിമാനത്താവളം ഉപയോഗിച്ചത്. ഒരു ദിവസം യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലെ ഉയർന്ന തോതാണിത്.
11 പുതിയ ആഭ്യന്തര റൂട്ടുകളും നാല് അന്താരാഷ്ട്ര റൂട്ടുകളും ബെംഗളൂരു വിമാനത്താവളത്തിൽ അടുത്തിടെ ആരംഭിച്ചിരുന്നു. വിർജിൻ അറ്റ്ലാന്റിക്, സലാം എയർ, മാന്ത എയർ, ഫ്ലൈ91 തുടങ്ങിയ പുതിയ എയർലൈനുകൾ കെഐഎയിലൂടെ സർവീസ് ആരംഭിച്ചിരുന്നു. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ 46 പ്രതിവാര അന്താരാഷ്ട്ര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ നടത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 21.1 ശതമാനം വളർച്ചയാണ് ഈ കാലയളവിൽ ഉണ്ടായത്.



