പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് കോൺഗ്രസ്. സംസ്ഥാനത്തെ 294 സീറ്റുകളിലും മത്സരിക്കുമെന്നും ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ നിന്ന് പിന്മാറില്ലെന്നും കോൺഗ്രസ് അറിയിച്ചു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ വിശദമായ ചർച്ചകൾ നടത്തിയ ദില്ലിയിൽ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ നിൽക്കുന്ന ഏതൊരാളും ഞങ്ങൾക്ക് ഒരു വലിയ നേതാവായിരിക്കും. 294 സീറ്റുകളിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും. ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ലെന്നും മിർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഉന്നതതല യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങി പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി നേതാക്കളും പങ്കെടുത്തു. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, മെയ് 4 ന് വോട്ടെണ്ണൽ നടക്കും.



