അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതായി ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“അസാമിൽ, ഒരു റെസ്റ്റോറൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. അതിനാൽ ഇന്ന് മുതൽ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും പൊതു ഇടങ്ങളിലും ബീഫ് കഴിക്കുന്നത് പൂർണ്ണമായും നിർത്താൻ ഞങ്ങൾ തീരുമാനിച്ചു.” മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബീഫ് വിളമ്പുകയോ കഴിക്കുകയോ ചെയ്യരുതെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശർമ്മ പറഞ്ഞു. “എന്നാൽ ഇപ്പോൾ ഞങ്ങൾ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നു, നിങ്ങൾക്ക് ഇത് ഒരു കമ്മ്യൂണിറ്റി സ്ഥലത്തും പൊതുസ്ഥലത്തും ഹോട്ടലിലും റസ്റ്റോറൻ്റിലും കഴിക്കാൻ കഴിയില്ല,” ബിജെപി നേതാവ് പറഞ്ഞു.



