ധാക്ക: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് എടുത്തുകളയാൻ കരട് തയ്യാറാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 49 വർഷങ്ങൾക്ക് മുമ്പ് 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ കൊലചെയ്യപ്പെട്ടത്. വിലാപദിനമായി ആചരിക്കുന്ന ഈ ദിവസം രാജ്യത്ത് അവധി ദിനമാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബു‍ർ റഹ്മാൻ. അവധി ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. ദേശീയ ദിനം എടുത്തുകളയാൻ തീരുമാനമെടുക്കുന്നതിനിടെ ഓ​ഗസ്റ്റ് 15ന് മുജിബു‍ർ റഹ്മാന്റെ ചിത്രത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അ‍ർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവാമി ലീ​ഗ് പാ‍‌ർട്ടി അം​ഗങ്ങൾ.

ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സ‍ർക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും ഉടച്ചുവാ‍ർക്കാനാണ് ഇടക്കാല സ‍ർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി ബം​ഗ്ലാദേശ് പൊലീസിന്റെ യൂണിഫോമിൽ മാറ്റം വരുത്തും. പൊലീസ് യൂണിഫോമിന്റെ ഭാ​ഗമായ ബോട്ടിന്റെ ലോ​​​ഗോയാണ് മാറ്റുക. അവാമി ലീ​ഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് ഈ ലോ​ഗോ. യൂണിഫോമിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അം​ഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ലോ​ഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോ‍ർട്ട് സമർപ്പിക്കണം.