ഇറാന് എതിരായ യുദ്ധത്തിൽ പങ്കെടുക്കുന്ന യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപാതയും സൈനിക താവളങ്ങളും ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിഷേധിച്ചു. സംയുക്തമായി പ്രവർത്തിക്കുന്ന സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതായി സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. 2026 മാർച്ച് 30, തിങ്കളാഴ്ച മഡ്രിഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും തങ്ങളുടെ ആകാശപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മാർഗരിറ്റ റോബിൾസ് പറഞ്ഞു. ഇതോടെ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ യാത്രാമാർഗ്ഗം മാറ്റേണ്ടി വരും. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള വിമാനങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുദ്ധമുഖത്ത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് സ്പെയിനിന്റെ ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച യുദ്ധത്തെ പിന്തുണയ്ക്കില്ലെന്ന് സ്പെയിൻ വാണിജ്യ മന്ത്രി കാർലോസ് ക്യൂർപോ വ്യക്തമാക്കി. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇതിനകം തന്നെ യുഎസ്-ഇസ്റാഈൽ സംയുക്ത സൈനിക നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സ്പെയിനിന്റെ ഈ നടപടിക്കെതിരെ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറാൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും ഇസ്റാഈലും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് സ്പെയിനിന്റെ നീക്കം. യൂറോപ്യൻ രാജ്യങ്ങളിൽ പലരും യുദ്ധത്തിനെതിരെ രംഗത്തുവരുന്നുണ്ട്. ഐഎഇഎ (IAEA) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ നിസ്സംഗത പാലിക്കുന്നുവെന്ന ഇറാന്റെ ആരോപണത്തിന് പിന്നാലെയാണ് സ്പെയിനിന്റെ ഈ ശക്തമായ നിലപാട് വരുന്നത്.



