പുനലൂർ: ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂ എന്ന് ജീവിച്ചിരിക്കുമ്പോൾതന്നെ ഗണേഷിന്റെ അച്ഛനും അഞ്ചുപതിറ്റാണ്ടിലധികം പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ പ്രസിഡന്റുമായിരുന്ന മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള തന്നോടു പറഞ്ഞിരുന്നെന്ന് താത്‌കാലികസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള.
ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ യൂണിയൻ സമിതി അംഗങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റായിരുന്ന ഗണേഷ്‌കുമാർ കഴിഞ്ഞമാസം 28-ന് നടന്ന യൂണിയൻ കമ്മിറ്റി യോഗത്തിൽ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിൽ കലാശിച്ചത്.
യോഗത്തിന് വളരെ വൈകിയെത്തിയ ഗണേഷ് സെക്രട്ടറിക്കുനേരേ ഉൾപ്പെടെ വളരെ മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 19 അംഗ ഭരണസമിതിയിലെ 11 പേരും അന്നുതന്നെ രാജിവെച്ചത്. പദ്‌മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്ഹോക് കമ്മിറ്റിയുടെ ആദ്യ നടപടി-അദ്ദേഹം പറഞ്ഞു.



