ബാക്ടീരിയകളെ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കാനായി പുതിയൊരു ചികിത്സാരീതി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. ബാക്ടീരിയകൾക്ക്, രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിച്ച് കാൻസർ കോശങ്ങളെ ആക്രമിക്കാൻ കഴിയുമെന്ന തത്വമാണ് ഈ ചികിത്സയ്ക്കു പിന്നിൽ. ഭാവിയിൽ, മുഴകൾ കണ്ടെത്തി, ആവശ്യമുള്ളിടത്തു മാത്രം ചികിത്സ നൽകി, പിന്നീട് അപ്രത്യക്ഷമാകുന്ന ‘പ്രോഗ്രാമബിൾ’ ബാക്ടീരിയകളെ ഉപയോഗിക്കാൻ സാധിക്കും.

കട്ടിയുള്ള മുഴകളിൽ വളരാനുള്ള ബാക്ടീരിയകളുടെ അസാധാരണ കഴിവാണ് ഈ ഗവേഷണത്തിനു പ്രചോദനമായത്. ഇത്തരം മുഴകളിൽ പോഷകങ്ങൾ കൂടുതലും ഓക്സിജൻ കുറവുമായതിനാൽ ബാക്ടീരിയകൾക്ക് വളരാൻ ഇത് അനുയോജ്യമായ സാഹചര്യമാണ്. ജനിതക എഞ്ചിനീയറിംഗ് വഴി ബാക്ടീരിയകളിലെ ദോഷകരമായ ഘടകങ്ങൾ നീക്കം ചെയ്ത്, അവയെ കാന്‍സര്‍ വാക്സിനുകൾ എത്തിക്കുന്ന വാഹകരായി ഉപയോഗിക്കാൻ ഗവേഷകർക്കു കഴിയും. ഇതിലൂടെ ‘ബഗ്സ് ആസ് ഡ്രഗ്‌സ്’ എന്ന ആശയം യാഥാർഥ്യമാക്കാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.

ഈ രീതിക്ക് പൊതുവെ സുരക്ഷയുണ്ടെന്ന് പ്രാഥമിക പരീക്ഷണങ്ങൾ തെളിയിച്ചെങ്കിലും, ബാക്ടീരിയകൾക്ക് അപ്രതീക്ഷിതമായി പരിണമിക്കാനുള്ള സാധ്യത ഒരു വെല്ലുവിളിയാണ്. ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ, കാൻസർ ചികിത്സയിൽ ഇത് വലിയൊരു മാറ്റത്തിനു തുടക്കമിടും.