കൊച്ചി: തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടം മുറുകുമ്പോള്‍ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച് ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം ‘പ്രതിച്ഛായ’. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ‘പുണ്യാളന്‍’ പരിവേഷത്തില്‍ അവതരിപ്പിക്കുന്ന ചിത്രം സി.പി.എം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. നിവിന്‍ പോളി നായകനായ ചിത്രം ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി ചതിച്ചു വീഴ്ത്തിയതാണെന്ന പ്രമേയം ഉയര്‍ത്തുന്നതോടെ, സ്വന്തം പാളയത്തിലെ സംവിധായകനില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട ഞെട്ടലിലാണ് ഇടതുക്യാമ്പ്.

പഠനകാലം മുതല്‍ ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ വക്താവായ ബി. ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് വന്‍ രാഷ്ട്രീയ മൈലേജ് നല്‍കുന്ന പ്രമേയം തിരഞ്ഞെടുത്തത് എ.കെ.ജി സെന്ററിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ വേട്ടയാടിയതാണെന്ന സന്ദേശം ജനങ്ങളിലെത്തുന്നത് വരാനിരിക്കുന്ന പോരാട്ടത്തില്‍ ഇടതിന് വലിയ ഭീഷണിയാകും. പത്തനാപുരം അടക്കമുള്ള മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ‘ചതി’ കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്‍ അവര്‍ക്ക് വേണ്ട വളം ഇട്ടുകൊടുത്തിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ ജീവിതത്തിലെ കനല്‍വഴികളും അദ്ദേഹം നേരിട്ട രാഷ്ട്രീയ ക്രൂരതകളുമാണ് സിനിമയുടെ കാതല്‍ എന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു നേതാവിനെ എങ്ങനെയൊക്കെ വേട്ടയാടി എന്ന് ചിത്രം ദൃശ്യവല്‍ക്കരിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ഇടതുമുന്നണിയാണ്. ഉമ്മന്‍ചാണ്ടി എന്ന വികാരം ഇപ്പോഴും വോട്ടര്‍മാരുടെ ഉള്ളില്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍, സിനിമ സൃഷ്ടിക്കുന്ന തരംഗം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഭയപ്പെടുന്നു. ഉമ്മന്‍ചാണ്ടിയെ പ്രതീകാത്മകമായി സിനിമ മഹത്വവല്‍ക്കരിക്കുന്നു.

ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക മുഖമായി അറിയപ്പെട്ടിരുന്ന സംവിധായകന്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ആയുധം നല്‍കിയത് ശരിയായില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. മുതിര്‍ന്ന നേതാക്കള്‍ പലരും ഉണ്ണികൃഷ്ണനുമായുള്ള വിയോജിപ്പ് അനൗദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് അതൃപ്തി അറിയിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു ചിത്രം എത്തിയതിന് പിന്നില്‍ ഗൂഢമായ ആസൂത്രണം ഉണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.

സിനിമയിലെ പ്രമേയം പുറത്തുവന്നതോടെ യു.ഡി.എഫ് ക്യാമ്പുകള്‍ ഉഷാറായിട്ടുണ്ട്. സ്വന്തം പാളയത്തിലെ ആള്‍ തന്നെ കുഞ്ഞൂഞ്ഞിന് നീതി ചോദിച്ച് എത്തിയത് പ്രചാരണ രംഗത്ത് വലിയ വിജയമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.