വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ്. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തെര്‍മല്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടത്തിയിരുന്നു. 

കടുവയെ കൂട്ടിലാക്കുന്ന ദൗത്യത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കടവ് എന്നീ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ കൂട്ടിലാക്കാന്‍ പത്തിനപരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയിലേയും സംഘം ചേരും. 

ദൗത്യത്തിന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാമ്പിലേക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍.ആര്‍.ടി സംഘമെത്തും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറ ട്രാപ്പുകളും പഞ്ചാരക്കൊല്ലിയില്‍ വിന്യസിക്കും. മാര്‍ട്ടിന്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍, കെ.എസ് ദീപ മേല്‍നോട്ടം വഹിക്കും.