ഫിലാഡൽഫിയ: സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് പ്രഫ. കോശി തലക്കലിന് ലഭിച്ചു. പ്രപഞ്ച ചൈതന്യ സ്തുതിയുടെ ആന്ദോളനമാണ് കോശി തലക്കലിന്റെ സാഹിത്യ രചനകൾ എന്നതിനാലാണ് സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് കോശി തലക്കലിന് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
അമേരിക്കൻ മലയാള സാഹിത്യ പ്രവർത്തന മേഖലയെ പ്രതിനിധീകരിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ “കേരളം- ദിനോത്സവം’ 24 വേദിയിൽ വച്ച് അവാർഡ് സമ്മാനിച്ചു. കോശി തലക്കൽ 2019ൽ രചിച്ച “ജൂസപ്പെ’ എന്ന കവിത അദ്ദേഹത്തിന്റെ സാഹിത്യ സപര്യയുടെ ഏറ്റം നല്ല ദൃഷ്ടാന്തമായി എടുത്തു കാട്ടിയാണ് അവാർഡു നിർണയം നടത്തിയത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ അവാഡ് സമ്മാനം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം “കേരളം ദിനോത്സവം 24′ ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ അഭിലാഷ് ജോൺ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിന്റ് ട്രഷറർ രാജൻ സാമുവേൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിനു മാത്യു, ട്രഷറർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ, പമ്പ, കോട്ടയം അസോസിയേഷൻ, ഓർമ ഇന്റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ല അസോസിയേഷൻ, റാന്നി അസോസിയേഷൻ, ഫിലാഡൽഫിയ മലയാള സാഹിത്യ വേദി, ഫിൽമ എന്നിങ്ങനെ വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും ആശംസകൾ നേർന്നു.
ആധ്യാത്മിക പ്രണയത്തിന്റെ അനാമിക സൗന്ദര്യമാണ് മേരി ബനീഞ്ഞാക്കവിതകൾ. മലയാളത്തിന്റെ മിസ്റ്റിക് കവിയാണ് സിസ്റ്റർ മേരി ബനീഞ്ഞ. ആ പാതയിലേക്കുള്ള അനുരണനം, പ്രഫ. കോശി തലക്കലിന്റെ കാവ്യ സപര്യയിലും കാണാം.
അതിനാലാണ് കോശി തൽക്കലിന് സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് സമ്മാനിക്കുന്നത് എന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളം ദിനോത്സവ സമിതി പ്രസ്താവിച്ചു.



