കായംകുളം: അപകടത്തിനിടെ പീഡനശ്രമം ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സിനിൽ സവാദിനെതിരെ ഡിജിപിക്ക് പരാതി നൽകി അതിക്രമത്തിനിരായായ യുവതി. കേസിന്റെ ഇപ്പോഴുള്ള അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയുമാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്.
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ സിനിൽ സവാദ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെ മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷവും പ്രതി അവിടെയെത്തി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ മൊഴിയിലുണ്ട്.
സംഭവത്തിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്ന ആരോപണമാണ് പോലീസിനെതിരെ പ്രധാനമായും ഉയരുന്നത്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്താനോ കൃത്യമായ വകുപ്പുകൾ ചുമത്താനോ പോലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റ് എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് സഹായിക്കുന്നു എന്നാണ് ആക്ഷേപം.
കേസിൽ നിന്ന് പിന്മാറാനായി പ്രതിയുടെ ഭാഗത്തുനിന്നും 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും, വഴങ്ങാതിരുന്നപ്പോൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളെത്തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.



