ദുബായ് തീരത്ത് കുവൈത്തിന്റെ എണ്ണക്കപ്പലായ ‘അൽ സലമി’ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആശങ്കയൊഴിയുന്നു. കപ്പലിലുണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചതായും കടലിൽ എണ്ണച്ചോർച്ചയോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള പടുകൂറ്റൻ എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കപ്പലിൽ തീപിടുത്തം ഉണ്ടായിരുന്നു. ദുബായ് പോലീസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

3,19,660 ടൺ ഇന്ധനശേഷിയുള്ള കപ്പലായതിനാൽ എണ്ണച്ചോർച്ച ഉണ്ടാകുമോ എന്ന വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അത്തരമൊരു പരിസ്ഥിതി ആഘാതം ഒഴിവായി എന്നത് വലിയ ആശ്വാസമാണ്.