മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്റെ വൻ മിസൈൽ ആക്രമണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ 14 പേർക്കാണ് പരിക്കേറ്റതായി ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബീ ബ്രാക്ക് (Bnei Brak) ഉൾപ്പെടെയുള്ള ജനവാസ മേഖലകളെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വർഷം. മിസൈലുകൾ നേരിട്ട് പതിച്ചും, ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണും പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ തറച്ചാണ് 11 വയസ്സുകാരിക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് 13 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
യുദ്ധത്തിന്റെ തുടക്കത്തിൽ പ്രതിദിനം 90 മിസൈലുകൾ വരെ വിക്ഷേപിച്ചിരുന്ന ഇറാൻ, കഴിഞ്ഞ രണ്ടാഴ്ചയായി ആക്രമണത്തിന്റെ തീവ്രത കുറച്ചിരുന്നു (പ്രതിദിനം 10-15 മിസൈലുകൾ). ഇന്ന് ഉച്ചവരെ ഒന്നോ രണ്ടോ മിസൈലുകൾ മാത്രമാണ് പ്രയോഗിച്ചിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ വൻ മിസൈൽ വർഷം ഇസ്രായേൽ സൈന്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മേഖലയിൽ വീണ്ടും യുദ്ധം കടുക്കുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണങ്ങൾ വരും ദിവസങ്ങളിലും പൂർണ്ണ കരുത്തോടെ തുടരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലാകെ വീണ്ടും യുദ്ധഭീതി പടരുകയാണ്.



