തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ജനുവരി ആദ്യംതന്നെ സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എഐസിസി പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെന്നപോലെ നിയമസഭയിലേക്കും സ്ഥാനാർഥിനിർണയം താഴെത്തട്ടിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാക്കാമെന്ന ധാരണയാണുള്ളത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കോർ കമ്മിറ്റി മുന്നോട്ടുവെക്കുന്ന പേരുകൾ അടിസ്ഥാനമാക്കിയാകും തീരുമാനം.
സിറ്റിങ് എംഎൽഎമാരിൽ ഒന്നുരണ്ട് പേരൊഴികെ ഏതാണ്ടെല്ലാവരുംതന്നെ മത്സരിച്ചേക്കും. കഴിഞ്ഞതവണ കോൺഗ്രസ് 93 സീറ്റിലാണ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. സിറ്റിങ് എംഎൽഎമാർക്കൊപ്പം കഴിഞ്ഞതവണ ചെറിയ വ്യത്യാസത്തിൽ തോറ്റവർക്കും പരിഗണന ലഭിക്കും.
ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കും. ഉറപ്പായും ജയിക്കുന്നത് ‘എ’ വിഭാഗം. നല്ല പരിശ്രമം നടത്തിയാൽ ജയിക്കാവുന്നതാണ് ‘ബി’ വിഭാഗം. മറ്റുള്ളവ ‘സി’ യും. തദ്ദേശസ്ഥാപനത്തിലെ വോട്ട് നില, സർവേ സംഘത്തിന്റെ റിപ്പോർട്ട്, കോർ കമ്മിറ്റി വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. 2021-ൽ മത്സരിച്ച 93 സീറ്റുകളിൽ വലിയ വ്യത്യാസം ഇപ്രാവശ്യം വരാനിടയില്ല.
70 സീറ്റിൽ ജയം എന്ന വിശാലലക്ഷ്യമായിരിക്കും പാർട്ടി മുന്നിൽവെക്കുക. എണ്ണത്തെക്കാളുപരി ജയസാധ്യത കരുതി ചില സീറ്റുകൾ മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായും ഏറ്റെടുക്കലും വെച്ചുമാറ്റവും ആലോചിക്കുന്നുണ്ട്.
ലീഗ് കഴിഞ്ഞതവണ 24 സീറ്റിൽ മത്സരിച്ചു, 15 ഇടത്ത് ജയിച്ചു. ജോസഫ് ഗ്രൂപ്പ് 10 സീറ്റിൽ മത്സരിച്ചു, രണ്ടിടത്ത് ജയിച്ചു. ആർഎസ്‌പി, സിഎംപി കക്ഷികൾക്ക് ജയസാധ്യത തീരെയില്ലാത്ത സീറ്റുകൾ നൽകി എണ്ണം തികയ്ക്കുന്നതിന് പകരം ജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് അവർ അനൗപചാരികമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺക്ലേവിൽ സീറ്റ് വിഭജനമോ, സ്ഥാനാർഥി നിർണയമോ ചർച്ചയാകില്ലെങ്കിലും പൊതുവായ നയം തീരുമാനിക്കും.
ചില എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. നിലവിൽ കൈവശമില്ലാത്ത ചില നിയമസഭാ മണ്ഡലങ്ങൾ പിടിക്കാൻ ചില എംപിമാരെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഹൈക്കമാൻഡാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്.
പാർട്ടി പുനഃസംഘടനയിൽ അവശേഷിക്കുന്ന കെപിസിസി സെക്രട്ടറിമാരുടെ നിയമനമടക്കമുള്ളവ തിരഞ്ഞെടുപ്പിന് മുൻപ് നടത്തണമോയെന്നതിലും വ്യക്തത വരുത്തും.



