ഏഷ്യാകപ്പ് ക്രിക്കറ്റിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് ഇതുവരെ ട്രോഫി കൈമാറാത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. എന്നാൽ, വിജയികൾക്ക് നൽകേണ്ട കിരീടം ഇപ്പോൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) ആസ്ഥാനത്ത് പൂട്ടി വെച്ച നിലയിലാണെന്നാണ് റിപ്പോർട്ട്.
ട്രോഫി അവിടെനിന്ന് മാറ്റുകയോ ആർക്കും കൈമാറുകയോ ചെയ്യരുതെന്ന് പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കർശന നിർദേശം നൽകിയതായാണ് വിവരം. തൻ്റെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ ട്രോഫി കൈമാറ്റം നടത്തരുത് എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. താൻ നേരിട്ടെത്തി മാത്രമേ ഇന്ത്യൻ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്ന നിലപാടിലാണ് നഖ്‌വിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കിരീടദാന ചടങ്ങിനിടെയാണ് ഈ അസാധാരണമായ രാഷ്ട്രീയ നാടകത്തിന് കളമൊരുങ്ങിയത്. പാക് രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, പാക് മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയും കൂടിയായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നഖ്‌വി നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ് ഇന്ത്യൻ താരങ്ങളുടെ ഈ കടുത്ത നിലപാടിന് കാരണം.
ഇന്ത്യൻ ടീം ബഹിഷ്‌കരിച്ചതോടെ, പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ കിരീടം കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, നഖ്വി ഈ അഭ്യർത്ഥന നിരസിക്കുകയും ചെയ്തു. തൻ്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഫലമായി, ഇന്ത്യൻ ടീം സമ്മാനവേദിയിൽ കാത്തുനിൽക്കെ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ട്രോഫി ഗ്രൗണ്ടിൽനിന്ന് എടുത്തുമാറ്റി. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിൻ്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. ഇത് കാരണം കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ ഏഷ്യാ കപ്പ് വിജയം പ്രതീകാത്മകമായി ആഘോഷിച്ചത്.
ഈ വിവാദത്തിന് പിന്നാലെ മൊഹ്‌സിൻ നഖ്‌വി തൻ്റെ പ്രതികരണവുമായി രംഗത്തെത്തി. എസിസി പ്രസിഡൻ്റ് എന്ന നിലയിൽ അന്ന് തന്നെ ട്രോഫി കൈമാറാൻ താൻ തയ്യാറായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യൻ ടീമിന് കിരീടം ശരിക്കും വേണമെങ്കിൽ ദുബൈയിലെ എസിസി ഓഫീസിൽ വന്ന് തൻ്റെ കൈയിൽനിന്ന് അത് കൈപ്പറ്റാൻ സ്വാഗതം ചെയ്യുന്നുവെന്നും ‘എക്സി’ലൂടെ നഖ്വി പ്രതികരിച്ചു.
അതേസമയം, എസിസി നടത്തിയ വെർച്വൽ യോഗത്തിൽ ബിസിസിഐ പ്രതിനിധികളോട് താൻ ക്ഷമാപണം നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ ഒരിക്കലും ക്ഷമാപണം ചെയ്യില്ലെന്നുമാണ് നഖ്‌വി വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചടങ്ങിൽ ട്രോഫി കൈമാറാമെന്നും എന്നാൽ അത് താൻ തന്നെ നൽകുമെന്നും നഖ്‌വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞു. ഇതിന് ശേഷമാണ് ട്രോഫി ദുബൈയിലെ എസിസി ആസ്ഥാനത്ത് തന്നെ പൂട്ടി സൂക്ഷിക്കാൻ അദ്ദേഹം കർശന നിർദേശം നൽകിയത്.