മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിന്‍റെ പ്രധാന ജേഴ്സി സ്പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍റെ പിന്‍മാറ്റം. പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിയമനിര്‍മാണത്തെതുടര്‍ന്നാണ് ഡ്രീം ഇലവന്‍ ഇന്ത്യൻ ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്. ഇതോടെ ഏഷ്യാ കപ്പിന് മുമ്പ് ടീമന്‍റെ ജേഴ്സി സ്പോൺസറെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബിസിസിഐ. ഏഷ്യാ കപ്പിന് മുമ്പ് ജേഴ്സി സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ താല്‍ക്കാലിക സ്പോണ്‍സറുടെ ജേഴ്സിയുമായി ടൂര്‍ണമെന്‍റിനിറങ്ങാനും അതിനുശേഷം വിശദമായ ചര്‍ച്ചകള്‍ക്കും ബിഡ്ഡിംഗിനും ശേഷം ജേഴ്സി സ്പോണ്‍സറെ കണ്ടെത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
ഇന്ത്യൻ ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍മാരാവാന്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈല്‍ രംഗത്തെ വമ്പന്‍മാരും ഐപിഎല്ലില്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്പോണ്‍സര്‍ഷിപ്പ് കരാറിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത് എന്നതിനാല്‍ അതിന് മുമ്പ് പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബിസിസിഐയെ സംബന്ധിച്ച് പ്രയാസമാകും.