അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതായി ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചൊവ്വാഴ്ച രണ്ട് ഉന്നത താലിബാന്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലിംഗഭേദം സംബന്ധിച്ച താലിബാന്റെ നയവുമായി പൊരുത്തപ്പെടാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും മറ്റുള്ളവരെയും പീഡിപ്പിക്കാന്‍ ‘ആജ്ഞാപിക്കുകയോ പ്രേരിപ്പിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ’ ചെയ്തതായാണ് വിവരമെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

2021 ഓഗസ്റ്റ് 15 മുതല്‍ ലിംഗാധിഷ്ഠിത കാരണങ്ങളാല്‍ പീഡനം നടത്തിയതിന് താലിബാന്റെ പരമോന്നത നേതാവായ ഹൈബത്തുള്ള അഖുന്ദ്സാദയും കടുത്ത ഇസ്ലാമിക ഗ്രൂപ്പിന്റെ ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കിം ഹഖാനിയും ക്രിമിനല്‍ കുറ്റക്കാരാണെന്ന് ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, താലിബാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നിരവധി അടിച്ചമര്‍ത്തല്‍ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്, പൊതുജനമധ്യത്തില്‍ സ്ത്രീകളുടെ ശബ്ദങ്ങള്‍ പോലും അടിച്ചമര്‍ത്തപ്പെടുന്നു.

ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ എപ്പോഴും മുഖംമൂടുകയും ശരീരം മറയ്ക്കുകയും വേണം, കൂടാതെ ബന്ധുത്വമില്ലാത്ത പുരുഷന്മാരെ നോക്കുന്നതും വിലക്കിയിരുന്നു.