കോഴിക്കോട്: ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്‌ലാമി.

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.

പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു.