പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപ്പിക് (Anthropic) അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് (പെന്റഗൺ) പ്രഖ്യാപിച്ചു. കമ്പനിയെ ‘സപ്ലൈ ചെയിൻ റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയതായി പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ഈ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ആന്ത്രോപ്പിക് സിഇഒ ഡാരിയോ അമോഡെ പറഞ്ഞു.
ട്രംപ് ഭരണകൂടവും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഈ വിലക്ക് പ്രധാനമായും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കരാറുകളെയാണ് ബാധിക്കുകയെന്നും കമ്പനിയുടെ മറ്റ് വാണിജ്യ ഇടപാടുകളെ ഇത് ബാധിക്കില്ലെന്നും അമോഡെ വ്യക്തമാക്കി. ഇന്റലിജൻസ് അനാലിസിസ്, സൈബർ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ തങ്ങൾ സൈന്യവുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും, യുദ്ധമുഖത്തുള്ള സൈനികർക്ക് ആവശ്യമായ എഐ ടൂളുകൾ ലഭ്യമാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംഭരണാധികാരമുള്ള ആയുധ സംവിധാനങ്ങൾക്കും ആഭ്യന്തര നിരീക്ഷണങ്ങൾക്കും തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കമ്പനി നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എഐ മേഖലയിലെ കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്ന സാഹചര്യത്തിൽ പെന്റഗണിന്റെ ഈ തീരുമാനം ആഗോളതലത്തിൽ ശ്രദ്ധ നേടുന്നുണ്ട്.



