കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്ക് സ്റ്റേയില്ല. വെള്ളാപ്പള്ളി നടേശന്‍റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അപ്പീലുകള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടിരുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. കമ്പനി നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍മാര്‍ അയോഗ്യരാണെന്ന് ജസ്റ്റീസ് ടി.ആര്‍. രവി ആണ് വിധി പറഞ്ഞത്.

എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ സ്‌റ്റേയുടെ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗത്തിന്‍റെ താത്ക്കാലിക ചുമതലയ്ക്കായി ഡയറക്ടര്‍മാരെ നിയമിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താത്ക്കാലിക ഡയറക്ടര്‍മാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.