ഭൂമിയുടെ ഏതാണ്ട് ഇരട്ടി വലുപ്പമുള്ള ‘സൂപ്പർ എർത്ത്’ കണ്ടെത്തി ശാസ്ത്രജ്ഞർ. TOI-1846 b എന്ന് നാമകരണം ചെയ്യപ്പെട്ട ഇത് ഒരുപക്ഷേ ജലസമൃദ്ധം ആയിരിക്കാമെന്നാണ് നിഗമനം. ഇതിന് 720 കോടി വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. സൗരയൂഥത്തിൽ ഉള്ളവയിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ഗ്രഹങ്ങളാണ് സൂപ്പർഎർത്ത്സ്. ഭൂമിയേക്കാൾ പിണ്ഡമേറിയവയും നെപ്റ്റ്യൂൺ, യുറാനസ് എന്നിവയെക്കാൾ ഭാരം കുറഞ്ഞവയുമാണ് ഇവ. മൊറോക്കോയിലെ ഔകൈമെഡൻ ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സംഘം നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. arXiv പ്രീപ്രിന്റ് സെർവറിൽ ഇതേക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിന് ഭൂമിയുടെ ഏകദേശം 1.792 മടങ്ങ് ആരവും നമ്മുടെ ഗ്രഹത്തിനേക്കാൾ ഏകദേശം 4.4 മടങ്ങ് പിണ്ഡവുമുണ്ട്. ഇത് ഓരോ 3.93 ദിവസത്തിലും അതിന്റെ ആതിഥേയ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഗ്രഹം ഒരുപക്ഷേ ജലസമൃദ്ധമായിരിക്കാമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തുന്നത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ നിരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.


ഇതിന്റെ മാതൃനക്ഷത്രം സൂര്യന്റെ ഏകദേശം 0.4 മടങ്ങ് വലിപ്പമുള്ളതാണെന്നും അതിന്റെ പിണ്ഡം ഏകദേശം 0.42 സൗര പിണ്ഡമാണെന്നും ഗവേഷകർ പറയുന്നു. ഇതിന് 720 കോടി വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നതായും ഗവേഷകർ പറയുന്നു.

ഈ വർഷം ആദ്യം സൗരയൂഥത്തിന് പുറത്തുള്ള മറ്റൊരു ‘സൂപ്പർ-എർത്ത്’ ഗവേഷകർ കണ്ടെത്തിയിരുന്നു. HD 20794 d എന്ന് നാമകരണം ചെയ്യപ്പെട്ട ഇത് ഭൂമിയുടെ ആറിരട്ടി പിണ്ഡമുള്ളതാണ്. അതിന്റെ ഉപരിതലത്തിലും ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 20 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിൽ പരിക്രമണം ചെയ്യുന്നുവെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. എങ്കിലും, ഭൂമിയുടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് വ്യത്യസ്തമായി, HD 20794 d ഒരു ദീർഘവൃത്താകൃതിയിലുള്ള പാത പിന്തുടരുന്നതിനാൽ ഈ ഗ്രഹത്തിന് ജീവനെ നിലനിർത്താൻ കഴിയുമോ എന്നകാര്യം അനിശ്ചിതത്വത്തിലാണെന്നും ഗവേഷകർ പറഞ്ഞു.