അങ്കമാലി: സിനിമ സഹസംവിധായകന്‍ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ആഗസ്റ്റ് 15 ന് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. 

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ബിഎഫ്എ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്എയും നേടി. ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പ്പം അനിലാണ് നിര്‍മിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ അങ്കമാലി കിടങ്ങൂരിലെ വസതിയിലും, തുടര്‍ന്ന് വൈകിട്ട് മൂന്ന് വരെ അങ്കമാലി നാസ് ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഭൗതിക ശരീരം കളമശ്ശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കും. അനിലിന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.