ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പ്രത്യയശാസ്ത്രപരമായ ദൗത്യങ്ങളിൽ ഭൂരിപക്ഷവും നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ പത്തു വർഷത്തിനിടെ നടപ്പാക്കാനായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാരിന്‍റെ മൂന്നാമൂഴത്തിലും ഇതേ പാത തന്നെയാകും പിന്തുടരുകയെന്നും അദ്ദേഹം. ഗുജറാത്ത് സർവകലാശാലയിൽ ഹിന്ദു ആധ്യാത്മിത് സേവാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കൾ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ മടിക്കുന്ന ഒരു കാലമുണ്ടായിരുന്നു രാജ്യത്ത്. 10 വർഷം കൊണ്ട് ആ സാഹചര്യം മാറി. ജമ്മു കശ്മീരിലെ 370-ാം അനുച്ഛേദം, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം, ഏക സിവിൽ കോഡ് നടപ്പാക്കൽ തുടങ്ങിയ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ നടപ്പാക്കാനായെന്നും അമിത് ഷാ. 70 വർഷം കൊണ്ട് മുൻ സർക്കാരുകൾക്ക് തൊടാൻ കഴിയാത്ത കാര്യങ്ങളാണ് 10 വർഷത്തിനിടെ മോദി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏക സിവിൽ കോഡ് (യുസിസി) രാജ്യത്ത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ബിൽ പാസാക്കിയിരുന്നു. രാജ്യത്താകെ യുസിസി ഏർപ്പെടുത്തുമെന്ന് അമിത് ഷാ അടുത്തിടെ രാജ്യസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു.
സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം ഇത്ര ശക്തമായി നൽകുന്ന മഹാകുംഭമേള പോലെ മറ്റൊരു ചടങ്ങുമില്ലെന്നും അമിത് ഷാ. ആർക്കും അവിടെ വന്ന് ഗംഗാസ്നാനം നടത്താം. ഒരാളും നിങ്ങളുടെ മതം, ജാതി, വർഗം തുടങ്ങിയവയെക്കുറിച്ചു ചോദിക്കില്ല. അവിടെ വേർതിരിവുകളുമില്ല. നിരവധി രാജ്യങ്ങളുടെ അംബാസഡർമാർ എന്നോട് ക്ഷണക്കത്തു ചോദിച്ചു. ഇതിന് ഔപചാരിക ക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും കോടിക്കണക്കിന് ഭക്തർ അവരുടെ സമയത്തിനനുസരിച്ച് വന്ന് സ്നാനം നടത്തുകയാണെന്നും ഞാൻ മറുപടി നൽകി. 27ന് താനും ഗംഗാസ്നാനം നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.



