ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള അമേരിക്കയിലെ വലതുപക്ഷ-യാഥാസ്ഥിതികരുടെ ഭീഷണിയും വിമർശനങ്ങളും കാറ്റിൽപ്പറത്തി ന്യൂയോർക്ക് നഗരം ആദ്യമായി ഒരു മുസ്‌ലിം മേയറെ തിരഞ്ഞെടുത്തു; ഇന്ത്യൻ വംശജനായ സൊഹ്റാൻ ക്വാമെ മംദാനി.

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ ട്രംപ് പിന്തുണച്ച സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്‍ലീവയെയും തോൽപ്പിച്ചാണ് മംദാനിയുടെ വിജയം. മംദാനിക്ക് 50.4 ശതമാനം വോട്ടും (10.36 ലക്ഷം) ക്വോമോക്ക്‌ 41.6 ശതമാനവും(8.54 ലക്ഷം) സ്‍ലീവയ്ക്ക് 7.1 ശതമാനവും (1.46 ലക്ഷം) വോട്ടു കിട്ടി. ഡെമക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷക്കാരനാണ് 34-കാരനായ മംദാനി.

ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലാ അധ്യാപകനും ഇന്ത്യൻ വംശജനുമായ മഹ്‍മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. സിറിയൻ വംശജയായ ആർട്ടിസ്റ്റും ആനിമേറ്ററുമായ റാമ ദുവാജിയാണ് ഭാര്യ.

മംദാനിക്ക് പ്രസിഡന്റാകാൻ കഴിയില്ല

അമേരിക്കൻ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ഡെമക്രാറ്റുകൾ മംദാനിയിൽ പ്രതീക്ഷവെക്കുമ്പോഴും അദ്ദേഹത്തിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നതാണ് വസ്തുത. പ്രസിഡന്റാകാനുള്ള മാനദണ്ഡങ്ങളിലൊന്ന് സ്ഥാനാർഥി യുഎസിൽ ജനിച്ചിരിക്കണമെന്നാണ്. മംദാനി ജനിച്ചത് യുഗാൺഡയിലാണ്.

ചില്ലറക്കാരനല്ല ന്യൂയോർക്ക് മേയർ

നാലുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ന്യൂയോർക്ക് മേയറുടെ ചുമതലകളും വെല്ലുവിളികളും:

• ന്യൂയോർക്ക് സിറ്റി കൗൺസിലിന്റെ അധ്യക്ഷനാണ് മേയർ. മാൻഹട്ടൺ, ബ്രൂക്ക്‌ലിൻ, ബ്രോങ്‌സ്, ക്വീൻസ്, സ്റ്റേറ്റൻ ഐലൻഡ് എന്നീ അഞ്ചു ബറോകൾ (വാർഡുപോലുള്ള സംവിധാനം) ന്യൂയോർക്ക് മേയറുടെ അധികാരപരിധിയിലാണ്

• ഒരുകോടിയോളമാണ് ജനസംഖ്യ. ഏകദേശം മൂന്നുലക്ഷം ജീവനക്കാരുണ്ട് ന്യൂയോർക്ക് ഭരണകൂടത്തിനുകീഴിൽ. പോലീസുകാർമാത്രം 30,000. അവരുടെയെല്ലാം മേൽനോട്ടം മേയർക്കാണ്

• ലോകത്തിന്റെ സാമ്പത്തികതലസ്ഥാനമെന്നറിയപ്പെടുന്ന നഗരത്തിന്റെ ബജറ്റ് തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. നിലവിൽ 12,000 കോടി ഡോളറിലേറെ (10.6 ലക്ഷംകോടി രൂപ) വരുന്ന ബജറ്റാണ് സിറ്റിക്കുള്ളത്. യുഎസിലെ ഏറ്റവും വലിയ മുനിസിപ്പൽ ബജറ്റാണിത്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.3 ലക്ഷം കോടി ഡോളറാണ്

• നികുതിയിലൂടെയും ചെലവുചുരുക്കിയും റവന്യൂ വരുമാനം കണ്ടെത്തുകയാണ് മുന്നിലെ വെല്ലുവിളി. അതേസമയം ഏകപക്ഷീയമായി നികുതികൂട്ടാൻ മേയർക്കാവില്ല. അതിന് സംസ്ഥാനസർക്കാരിന്റെ പിന്തുണവേണം

• നഗരവും ഫെഡറൽ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നത് മേയറാണ്.

• ഡെപൂട്ടി മേയർ, നഗരത്തിലെ പോലീസ്, അഗ്നിരക്ഷാവകുപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും മേധാവികളെ നിയമിക്കുന്നത് മേയറാണ്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ബിസ്റ്ററി, ലിങ്കൺ സെന്റർ തുടങ്ങി വിവിധ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരികേന്ദ്രങ്ങളുടെയും എക്‌സ് ഓഫീഷ്യോ ചെയർമാനുമാണ്.