ഖാംനഈക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാരിജാനി. ഇറാന്‍ ബസിജ് കമാണ്ടര്‍ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ജീവിതകാലം മുഴുവന്‍ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവില്‍ തന്റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’ എന്നാണ് സെക്യൂരിറ്റി കൗണ്‍സിലിനെ ഉദ്ധരിച്ച്‌ മെഹ്ര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിര്‍ണായക വ്യക്തിയായിരുന്നു ലാരിജാനി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയുടെ നേതൃത്വം ലാറിജാനിയുടെ കൈകളിലായിരുന്നു.

1958-ല്‍ ഇറാഖിലെ നജാഫിലാണ് ലാരിജാനി ജനിച്ചത്. ഷാ ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ 1930-കളില്‍ ഇറാഖിലേക്ക് പലായനം ചെയ്തതാണ് കുടുംബം. ലാരിജാനി പിറന്ന് രണ്ടു വര്‍ഷത്തിനുശേഷം കുടുംബം ഇറാനിലേക്ക് മടങ്ങി. ഖോമിലെ മതപാഠശാലയില്‍ പ്രാഥമിക പഠനം. പിന്നീട് തെഹ്‌റാനിലെ ആര്യമെഹര്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് പാശ്ചാത്യ തത്വശാസ്ത്രത്തിലേക്ക് മാറി. വെസ്റ്റേണ്‍ ഫിലോസഫിയില്‍ പിഎച്ച്‌ഡിയും നേടിയ ശേഷമാണ് ലാരിജാനി ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സില്‍ ചേര്‍ന്നത്. പിന്നീട് ഇറാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി. മൂന്ന് തവണ സ്പീക്കറും സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവിയുമായി.