മാർച്ച് ഏഴു മുതൽ ഒൻപതു വരെ സിറിയയിലെ മെഡിറ്ററേനിയൻ തീരത്തെ അലവൈറ്റ് സമൂഹങ്ങളിൽ സുന്നി പോരാളികൾ നടത്തിയ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അസദ് കലാപത്തെത്തുടർന്നു നടന്ന മൂന്നുദിവസത്തെ വർഗീയ കൂട്ടക്കൊലകളിൽ, 40 വ്യത്യസ്ത സ്ഥലങ്ങളിലായി സിറിയൻ സൈന്യം നിരവധി കൊലപാതകങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. കൊലപാതകം, കൊള്ള, തീവയ്പ്പ് എന്നിവ നടന്നതായാണ് റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 1,500 സിറിയൻ അലവൈറ്റുകൾ കൊല്ലപ്പെട്ടതായും ഡസൻകണക്കിന് ആളുകളെ കാണാതായതായും റോയിട്ടേഴ്‌സ് കണ്ടെത്തി.

വളരെ പൈശാചികമായ രീതിയിലാണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. അലവൈറ്റ് സമൂഹങ്ങളിൽ സുന്നി പോരാളികൾ നടത്തിയ കൊലപാതകങ്ങളുടെ ഒരു ഭാഗമായിരുന്നു 25 വയസ്സുകാരനായ സുലൈമാൻ റാഷിദ് സാദിന്റെ വധവും. സുലൈമാൻ റാഷിദ് സാദിനെ കൊലപ്പെടുത്തിയ സംഘം അയാളുടെ ഫോണിൽനിന്ന് പിതാവിനെ വിളിച്ച് മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. “അവർ അവന്റെ നെഞ്ച് തുറന്ന്‌ അവന്റെ ഹൃദയം മുറിച്ചുമാറ്റി. ശേഷം അത് അവന്റെ നെഞ്ചിനു മുകളിൽ വച്ചു” – സുലൈമാന്റെ മൃതദേഹം കണ്ട പിതാവ് റാഷിദ് സാദ് പറയുന്നു.

പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷർ അൽ-അസദിനോട് വിശ്വസ്തരായ മുൻ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച കലാപത്തിനു മറുപടിയായാണ് അക്രമം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ഈ കലാപത്തിൽ 200 സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.