അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും. വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമാകുന്ന തെളിവുകൾ പോലീസിന് ലഭിച്ചു.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്‍റെ തെളിവാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്. വാഹന ഉടമ ഷാമിൽ ഖാൻ നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയതെന്ന് എസ് പി പറഞ്ഞു. ഇയാൾക്കെതിരെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വാഹന ഉടമ ഷാമിൽ ഖാൻ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു വാങ്ങിയത് അപകട ശേഷമാണെന്ന വിവരമാണ് പുറത്തുവരുന്നത്. അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസാണ് കാറുടമ സഹോദരനിൽ നിന്ന് വാങ്ങിയത്. വിദ്യാർത്ഥികൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമിൽ ഖാൻ വാഹനം നൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.



