അഞ്ച് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമായ അപകടത്തിൻ്റെ നടുക്കത്തിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്. ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാർഥികളാണ് മരിച്ചത്. ആറു പേർക്കു പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണിവർ.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.



