അക്ഷയ്കുമാർ നായകനായ ‘ഹൗസ്ഫുൾ 5’ കഴിഞ്ഞദിവസമാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 24 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടുദിവസംകൊണ്ട് ചിത്രം 54 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രത്തോടുള്ള പ്രേക്ഷകപ്രതികരണം അറിയാൻ നേരിട്ട് തീയേറ്ററുകളിലേക്കിറങ്ങിയിരിക്കുകയാണ് അക്ഷയ്കുമാർ. മാസ്ക് ധരിച്ച് സ്വന്തം മുഖം മറച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്.
അക്ഷയ്കുമാർ തന്നെയാണ് ഇതിന്റെ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൈയിലൊരു മൈക്കുമായി മാസ്ക് ധരിച്ച് മുംബൈയിലെ തിരക്കേറിയ ബാന്ദ്രയിലെ തീയേറ്ററിലാണ് താരമെത്തിയത്. അക്ഷയ്കുമാറാണെന്ന് അറിയാതെ തന്നെ പലരും തങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. താരത്തിനൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു.
കറുപ്പിൽ വെള്ളവരകളുള്ള ഷർട്ടും ജീൻസുമായിരുന്നു താരത്തിന്റെ വേഷം. താരത്തെ പലർക്കും തിരിച്ചറിയാൻ സാധിച്ചില്ല. ചിലർ അഭിപ്രായം പറയാൻ തന്നെ വിസ്സമതിച്ചു. ‘ബാന്ദ്രയിൽ ‘ഹൗസ്ഫുൾ 5′ കണ്ടിറങ്ങിയ ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ തീരുമാനിച്ചു. പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഓടി രക്ഷപ്പെടേണ്ടിവന്നു. രസകരമായ അനുഭവമായിരുന്നു’, വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.
https://www.instagram.com/reel/DKoN5PGzTXC/?igsh=OXhndjMwMmtuN3Yw