ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക എയർ ടാക്സി സംവിധാനം വരുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII) തയ്യാറാക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, നഗരങ്ങളിലെ വമ്പൻ കെട്ടിടങ്ങളുടെ ടെറസുകളെ വിമാനത്താവളങ്ങളാക്കി മാറ്റിക്കൊണ്ട് സമയം ലാഭിക്കാവുന്ന യാത്രാ സൗകര്യമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഗുരുഗ്രാം, കൊണാട്ട് പ്ലേസ്, നോയിഡയിലെ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന പൈലറ്റ് കോറിഡോർ യാഥാർത്ഥ്യമായാൽ മണിക്കൂറുകൾ നീണ്ട യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യയിൽ പ്രധാനമായും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ വിമാനങ്ങളെപ്പോലെ ഓടി ഉയരേണ്ടതില്ല എന്നതിനാൽ സ്ഥലപരിമിതിയുള്ള നഗരങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്.
നിലവിലുള്ള ഗതാഗത സംവിധാനങ്ങളുമായി ഈ പദ്ധതിയെ ബന്ധിപ്പിക്കുന്നതിനായി ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, ബിസിനസ് ഹബ്ബുകൾ എന്നിവയുമായി ചേർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും വലിയ ചെലവും ഒഴിവാക്കാനായി കെട്ടിടങ്ങളുടെ മുകൾഭാഗം ‘വെർട്ടിപോർട്ടുകൾ’ ആയി മാറ്റാനാണ് സിഐഐ നിർദ്ദേശിക്കുന്നത്. ആശുപത്രികൾ, ഐടി പാർക്കുകൾ, റെസിഡൻഷ്യൽ ടവറുകൾ എന്നിവയുടെ ടെറസുകൾ ഇതിനായി പ്രയോജനപ്പെടുത്താം.
നിലവിൽ ഡിജിസിഎ നിയമങ്ങൾ പ്രകാരം ഇത്തരം വാണിജ്യ പറക്കലുകൾക്ക് ചില പരിമിതികൾ ഉണ്ടെങ്കിലും ഭാവിയിൽ സുരക്ഷാ പരിശോധനകൾക്ക് ശേഷം നിയമങ്ങളിൽ മാറ്റം വരുത്താനാണ് അധികൃതർ ആലോചിക്കുന്നത്. ഇത് നഗരങ്ങളിലെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന റിയൽ എസ്റ്റേറ്റ് സാധ്യതകളെ വികസിപ്പിക്കുകയും ചെയ്യും.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ യാത്രക്കാരെ കയറ്റുന്നതിന് പകരം അവശ്യ സേവനങ്ങൾക്കായിരിക്കും മുൻഗണന നൽകുന്നത്. ഡ്രോൺ വഴിയുള്ള സാധനങ്ങളുടെ വിതരണം, അവയവ മാറ്റ ശസ്ത്രക്രിയകൾക്കായുള്ള ദ്രുതഗതിയിലുള്ള ഗതാഗതം, മറ്റ് മെഡിക്കൽ ലോജിസ്റ്റിക്സ് എന്നിവയിലായിരിക്കും ആദ്യ പരീക്ഷണങ്ങൾ. ഇതിന് ശേഷമായിരിക്കും ആകാശ ആംബുലൻസ് സർവീസുകളും പിന്നീട് പൊതുജനങ്ങൾക്കുള്ള യാത്രാ സൗകര്യങ്ങളും നടപ്പിലാക്കുക. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡു പുറത്തിറക്കിയ ഈ റിപ്പോർട്ട് ഇന്ത്യയുടെ വ്യോമയാന മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.



