യുഎഇയിൽ നിന്നു കേരളത്തിലേക്ക് അവശേഷിച്ച എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും ഇതോടൊപ്പം നിർത്തലാക്കുന്നുണ്ട്. വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്നു രണ്ടു സർവീസുകളും അപ്രത്യക്ഷമായി.
ടിക്കറ്റ് ബുക്ക് ചെയ്യാനായി എയർ ഇന്ത്യയിൽ നേരിട്ടു വിളിച്ചപ്പോഴും മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചി, ഹൈദരാബാദ് സർവീസ് നിർത്തലാക്കിയതായി സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് എയർ ഇന്ത്യ വിമാനം പിൻവലിച്ചു ദീർഘദൂര സെക്ടറുകളിൽ വിന്യസിപ്പിക്കുകയാണെന്നാണു വിശദീകരണം. പിൻവലിച്ച രണ്ടു സെക്ടറുകളിലും ബജറ്റ് എയർലൈനായ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തും.
സീസൺ ഭേദമെന്യേ നിറയെ യാത്രക്കാരുണ്ടായിരുന്ന ദുബായ്-കൊച്ചി സെക്ടറിൽ നിന്നു ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ നിർത്തലാക്കുന്നതു പ്രവാസി മലയാളികൾക്കു തിരിച്ചടിയാണ്. സാധാരണക്കാർ മുതൽ ബിസിനസുകാർ, താരങ്ങൾ, സമ്പന്നർ വരെ കുറഞ്ഞ നിരക്കിൽ ഇക്കോണമി, ബിസിനസ് ക്ലാസിൽ പതിവായി യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ നിർത്തലാക്കുന്നതു മലയാളികൾക്കു മാത്രമല്ല മറുനാട്ടുകാർക്കും വൻ നഷ്ടമാണ്.



