കഴിഞ്ഞ വർഷം അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ എഐ-171 വിമാന അപകടത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര വ്യവസ്ഥകളിൽ ഗുരുതരമായ ചതിക്കുഴികളുണ്ടെന്ന് പ്രമുഖ അഭിഭാഷകൻ ചക്ക് എൻ. ചിയോനുമ മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ മുന്നോട്ടുവെക്കുന്ന പൂർണ്ണവും അന്തിമവുമായ സെറ്റിൽമെന്റ് രേഖകളിൽ ഒപ്പുവെക്കരുതെന്ന് നൂറിലധികം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

അധികമായി നൽകുന്ന 10 ലക്ഷം രൂപ സ്വീകരിക്കുന്നതിന് പകരമായി ഭാവിയിൽ എയർ ഇന്ത്യക്കോ ബോയിംഗ് കമ്പനിക്കോ എതിരെ കേസുകൾ ഫയൽ ചെയ്യാനുള്ള അവകാശം ഉപേക്ഷിക്കണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇത് ഇരകളുടെ കുടുംബങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒരു തവണ ഈ രേഖയിൽ ഒപ്പിട്ടാൽ പിന്നീട് വിമാനത്തിന്റെ തകരാറോ മറ്റോ തെളിയിക്കപ്പെട്ടാലും നഷ്ടപരിഹാരം ചോദിക്കാൻ നിയമപരമായി കഴിയില്ല.

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇതിനോടകം 25 ലക്ഷം രൂപ ഇടക്കാല ആശ്വാസമായി നൽകിയിട്ടുണ്ട്. കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ മെമ്മോറിയൽ ട്രസ്റ്റ് വഴി ഒരു കോടി രൂപ കൂടി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ ഈ തുകകൾ നൽകുന്നതിനൊപ്പം ഭാവിയിലെ നിയമപോരാട്ടങ്ങളിൽ നിന്ന് കുടുംബങ്ങളെ തടയുക എന്ന തന്ത്രമാണ് എയർ ഇന്ത്യ പയറ്റുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

വിമാന നിർമ്മാതാക്കളായ ബോയിംഗ്, എഞ്ചിൻ നിർമ്മാതാക്കളായ ജനറൽ ഇലക്ട്രിക്, കൂടാതെ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവരെപ്പോലും എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വിപുലമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നത് ഇരകൾക്ക് ലഭിക്കേണ്ട വലിയ തുകയിലുള്ള നഷ്ടപരിഹാരം ഇല്ലാതാക്കും. അന്വേഷണ ഡാറ്റ പുറത്തുവരുന്നതോടെ മാത്രമേ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്താനാകൂ.

2025 ജൂൺ 12-നാണ് 260 പേരുടെ മരണത്തിനിടയാക്കിയ എഐ-171 വിമാനം അഹമ്മദാബാദിൽ തകർന്നുവീണത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഇന്ധന വിതരണം നിലച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് പൈലറ്റിന്റെ പിഴവാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു. സുപ്രീം കോടതിയും ഈ വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുടുംബങ്ങളുടെ വേദന ചൂഷണം ചെയ്ത് കുറഞ്ഞ തുകയ്ക്ക് കേസ് ഒത്തുതീർപ്പാക്കാൻ എയർ ഇന്ത്യ ശ്രമിക്കരുതെന്ന് നിയമവിദഗ്ധർ പറയുന്നു. സ്വതന്ത്രമായ നിയമോപദേശം തേടിയ ശേഷം മാത്രമേ ഇത്തരം രേഖകളിൽ ഒപ്പിടാവൂ എന്ന് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ നിയമപോരാട്ടവുമായി മുന്നോട്ട് വരാനാണ് സാധ്യത. സുതാര്യമായ രീതിയിൽ അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണ് പൊതുവായ ആവശ്യം.