പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് എയർ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായി വരും മാസങ്ങളിൽ സർവീസുകളും ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറയ്ക്കാൻ കമ്പനി ആലോചിക്കുന്നു.
നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് വിമാന സർവീസുകൾ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ ധാരണയായതായാണ് വിവരം. ഗുരുഗ്രാമിലെ ആസ്ഥാനത്ത് വ്യാഴാഴ്ച (2026 മേയ് 7) നടന്ന ബോർഡ് യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്. സാങ്കേതിക വിഭാഗത്തിലല്ലാത്ത ജീവനക്കാരെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ വിടാനും ബോർഡിൽ ആലോചനയുണ്ട്.
‘സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ വൈസ് പ്രസിഡൻ്റ് റാങ്കിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരും. ജീവനക്കാർക്കുള്ള ബോണസിലും കുറവ് വരുത്താൻ നിർദ്ദേശമുണ്ട്.’ – ബോർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 220 ബില്യൺ രൂപയുടെ റെക്കോർഡ് നഷ്ടമാണ് എയർ ഇന്ത്യ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യാ സംഘർഷം മൂലം വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിയുടെ പ്രവർത്തനച്ചെലവ് വലിയതോതിൽ വർദ്ധിപ്പിച്ചു. വിമാന ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും തിരിച്ചടിയായി.
ഇതിനോടകം തന്നെ 500-ഓളം അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. സാങ്കേതിക ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുന്ന കാര്യവും ബോർഡിൻ്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, ഇക്കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.



