എയർ ഇന്ത്യ ഗ്രൂപ്പിന്റെ ഏകദേശം 70 ശതമാനം വിമാനങ്ങളിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ഗ്രൂപ്പിന്റെ ആകെ 267 വിമാനങ്ങളിൽ 191 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
166 എയർ ഇന്ത്യ വിമാനങ്ങളിൽ 137 എണ്ണത്തിലും, 101 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 54 എണ്ണത്തിലും പരിശോധനയിൽ ആവർത്തിച്ചുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ എയർ ഇന്ത്യ ഗ്രൂപ്പ് ഫ്ലീറ്റിൽ പരിശോധിച്ച ഓരോ പത്ത് വിമാനങ്ങളിൽ ഏഴിലും സാങ്കേതിക തകരാറുകൾ ഉണ്ടെന്നതാണ് റിപ്പോർട്ട്. വിമാനങ്ങളിൽ പരിശോധിക്കുന്ന വിവിധ ഉപകരണങ്ങളെ മുൻഗണനയുടെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത എയർ ഇന്ത്യ എക്സിക്യൂട്ടീവ് അറിയിച്ചു. എയർ ഇന്ത്യയിൽ കണ്ടെത്തിയ മിക്ക പ്രശ്നങ്ങളും ഡി വിഭാഗത്തിൽപ്പെട്ടവയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
സീറ്റുകൾ, ട്രേ ടേബിളുകൾ, സീറ്റുകളുടെ പിൻഭാഗത്തെ സ്ക്രീനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. ഇവ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുന്ന വിമാന നവീകരണ പദ്ധതികളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
അതേസമയം, ആറ് എയർലൈനുകളുടേതായി നടത്തിയ പരിശോധനയിൽ ആകെ 754 വിമാനങ്ങളിൽ 377 വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇൻഡിഗോയുടെ 405 വിമാനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 148 വിമാനങ്ങളിൽ തകരാറുകൾ കണ്ടെത്തിയതായി ഫെബ്രുവരി 3 വരെ ഉള്ള കണക്കുകൾ വ്യക്തമാക്കുന്നു. സ്പൈസ് ജെറ്റിന്റെ 43 വിമാനങ്ങളിൽ 16 എണ്ണത്തിലും, ആകാശ എയറിന്റെ 32 വിമാനങ്ങളിൽ 14 എണ്ണത്തിലും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.



