കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിക്ക് മുൻപാകെ എത്തിയ സാധ്യത പട്ടിക എന്ന അവകാശവാദത്തോടെയാണ് ഒൻപത് പേജുള്ള പിഡിഎഫ് രാവിലെ മുതല്‍ പ്രചരിക്കുന്നത്. എന്നാല്‍ സ്ഥാനാർഥി നിർണ്ണയ ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ പട്ടികയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പ്രചരിക്കുന്ന പട്ടികയില്‍ കേരളത്തിലെ 92 മണ്ഡലങ്ങളിലെ സാധ്യത സ്ഥാനാർഥികളുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ധർമടം തുടങ്ങി പ്രമുഖ മണ്ഡലങ്ങള്‍ ഇതിലുണ്ട്. നേമത്ത് ശശി തരൂർ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ എന്നിവരുടെ പേരുകള്‍ കാണാം. കൂടാതെ, തൃശ്ശൂർ ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ കെ. മുരളീധരന്റെ പേരും, ധർമടത്ത് ഷാഫി പറമ്പിലിന്റെയും ബേപ്പൂരില്‍ പി.വി. അൻവറിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയ നിലയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഹൈക്കമാൻഡ് നിയോഗിച്ച മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തി ജില്ലാ നേതൃത്വങ്ങളുമായി ചർച്ചകള്‍ നടത്തുന്ന വേളയിലാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ചർച്ചകള്‍ സജീവമായിരിക്കെ, പ്രവർത്തകർക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ലിസ്റ്റ് പ്രചരിപ്പിക്കുന്നത് എന്നാണ് പാർട്ടി വിലയിരുത്തല്‍. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും കെപിസിസി അറിയിച്ചു.



