ലോകമെമ്പാടും ഭീഷണിയുയർത്തുന്ന പകർച്ചവ്യാധികൾക്കും പുതിയ വൈറസ് വകഭേദങ്ങൾക്കും എതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ശേഷിയുള്ള ‘സൂപ്പർ ആന്റിജൻ വാക്സിൻ’ വികസിപ്പിച്ച് ഗവേഷകർ. കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ആരോഗ്യരംഗത്തെ ഈ സുപ്രധാന നേട്ടം കൈവരിച്ചത്. വാക്സിൻ നിർമാണരംഗത്ത് നിർണായകമായ ഒരു ചുവടുവെപ്പായാണ് ഇതിനെ ശാസ്ത്രലോകം നോക്കിക്കാണുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് കൃത്രിമബുദ്ധി ഉപയോഗിച്ച് രൂപകൽപന ചെയ്ത ഒരു വാക്സിൻ ഘടകം മനുഷ്യരിൽ വിജയകരമായി പരീക്ഷിക്കുന്നത്. ഈ വാക്സിൻ മനുഷ്യ ശരീരത്തിൻ്റെ പ്രതിരോധശേഷി എത്രത്തോളം വർധിപ്പിക്കുന്നു എന്ന് കൂടുതൽ വ്യക്തമാക്കുന്നതിനായി ഏകദേശം 200 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട പഠനം ഇപ്പോൾ നടന്നു വരികയാണ്.

നിലവിലെ കോവിഡ് വകഭേദങ്ങൾക്ക് പുറമെ, ഭാവിയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകളെപ്പോലും നേരിടാൻ ഈ പുതിയ വാക്സിൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രധാന അവകാശവാദം. കോവിഡിന് പുറമെ സീസണൽ ഫ്ലൂ, പക്ഷിപ്പനി, എബോള തുടങ്ങിയ അപകടകരമായ വൈറസുകൾക്കെതിരെയും എഐ ഉപയോഗിച്ചുള്ള വാക്സിൻ പരീക്ഷണങ്ങൾ മൃഗങ്ങളിൽ വിജയകരമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

വാക്സിൻ നിർമാണരംഗത്ത് എഐ സാങ്കേതികവിദ്യ വലിയൊരു കുതിച്ചുചാട്ടമാണെന്നും, ഭാവിയിലെ മഹാമാരികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഇത് വളരെയേറെ സഹായിക്കുമെന്നുമാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.