ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. എജിഐ ​ഗുരുതരമായ ദോഷത്തിന് വഴിവെച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു.

ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ​ഗൂ​ഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ദുരുപയോ​ഗം, ഘടനാപരമായ അപകടസാധ്യതകൾ, മറ്റ് തെറ്റുകൾ, ക്രമീകരണത്തിലുള്ള പിഴവ് എന്നിങ്ങനെ നാല് പ്രധാന വിഭാ​ഗങ്ങളിലായാണ് നിർമിതബുദ്ധിയുടെ അപകടസാധ്യതയെ വേർതിരിച്ചിരിക്കുന്നത്. നിർമിതബുദ്ധി ഉപയോ​ഗിച്ച് ആളുകൾക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഡീപ്പ് മൈൻഡിന്റെ അപകട സാധ്യത കുറയ്ക്കാനുള്ള സാങ്കേതികവിദ്യയേയും ഇവിടെ എടുത്തുകാണിക്കുന്നു.

നിർമിതബുദ്ധി സാങ്കേതിക വിദ്യയെ നിയന്ത്രിക്കണമെന്ന് ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണ് എ.ഐ. ഈ പരിണാമവേഗം വലിയ വെല്ലുവിളി ഉയർത്തുന്നു. എ.ഐ. സംവിധാനങ്ങൾ എന്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരു അടിസ്ഥാന പ്രശ്നമാണ്. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടിയാകണം ഐ.ഐ. ഉപയോഗിക്കേണ്ടതെന്നും ഹസബിസ് വ്യക്തമാക്കിയിരുന്നു.